മോദി പ്രതീക്ഷ നിറവേറ്റുമോ?

Update:2019-05-31 12:44 IST

നരേന്ദ്ര മോദിയുടെ വ്യക്തി പ്രഭാവവും, അമിത് ഷായുടെ ചാണക്യതന്ത്രങ്ങളും എന്‍ഡിഎക്ക് സമ്മാനിച്ചത് പത്തരമാറ്റ് വിജയം. അഞ്ച് വര്‍ഷം മുമ്പ് നേടിയ മുന്നേറ്റത്തെ കവച്ചുവെക്കുന്ന രീതിയില്‍ പതിനേഴാമത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തി. എന്‍ഡിഎയ്ക്കു ആകെ മൊത്തം ലഭിച്ച 353 സീറ്റുകളില്‍ 303 എണ്ണം ബിജെപി തനിച്ചു നേടിയതാണ് എന്നത് അവരുടെ വിജയത്തിന്റെ മാറ്റ് കൂട്ടുന്നു. കൂടാതെ ചരിത്രത്തിലാദ്യമായാണ് ഒരു കോണ്‍ഗ്രസ്-ഇതര സര്‍ക്കാര്‍ രാജ്യത്ത് ഭരണം നിലനിര്‍ത്തുന്നത്.

2014ല്‍ മോദി സര്‍ക്കാര്‍ ഭരണത്തില്‍ കയറിയത് മുതല്‍ അനുവര്‍ത്തിച്ചു പോന്നത് വിപണി സൗഹൃദമായ ഉദാരവല്‍ക്കരണ നയങ്ങളായിരുന്നു. ലോകത്തെ ഏറ്റവും തുറന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറ്റുക എന്നതായിരുന്നു പ്രധാന ലക്ഷ്യവും.

''സുസ്ഥിരമായൊരു ഭരണ സംവിധാനം രാജ്യത്തെ സംബന്ധിച്ച് മൂല്യമേറെയുള്ള കാര്യമാണ്. രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് അനുകൂല ഘടകങ്ങള്‍ സൃഷ്ടിക്കാന്‍ ഇത് സഹായിക്കും. ഈ വര്‍ഷം രാജ്യത്തിന്റെ ജിഡിപി 7.5 ശതമാനത്തിന് മുകളിലെത്തുമെന്നാണ് എന്റെ വിശ്വാസം,'' സാമ്പത്തിക വിദഗ്ധനും ബിജെപി എംപിയുമായ സുബ്രഹ്മണ്യം സ്വാമി പറയുന്നു.

നടപ്പു വര്‍ഷത്തില്‍ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ്‌വ്യവസ്ഥ ആകുമെന്നാണ് അനുമാനം. മൂന്ന് ലക്ഷം കോടി ഡോളര്‍ ജിഡിപി (മൊത്തം ആഭ്യന്തര ഉല്‍പ്പാദനം) എത്തുന്നതോടെയാണ് ബ്രിട്ടനെ മറികടന്ന് ഇന്ത്യ അഞ്ചാമതെത്തുക. 2025 ആകുന്നതോടെ ഇന്ത്യ ജപ്പാനെയും കടത്തിവെട്ടുമെന്നു വിദഗ്ധര്‍ കണക്കാക്കുന്നു.

'സബ് കാ സാത്ത് സബ് കാ വികാസ്' (എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം) എന്ന ആശയം ഇന്ത്യയില്‍ പ്രചരിപ്പിച്ച് അധികാരത്തില്‍ എത്തിയ ആളാണ് മോദി. അഴിമതി നിര്‍മാര്‍ജനത്തിനും, പദ്ധതികളിലെ പക്ഷാപാതത്തെ നീക്കം ചെയ്യാനും, സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുമാണ് 2014ല്‍ മോദിയെ ഇന്ത്യ തെരഞ്ഞെടുത്തത് എങ്കില്‍, മുന്‍ വര്‍ഷങ്ങളില്‍ അനുവര്‍ത്തിച്ച സാമ്പത്തിക പരിഷ്‌കരണങ്ങള്‍ ഭംഗിയായി നടപ്പിലാക്കി ഇന്ത്യയെ ഒരു വലിയ ശക്തിയായി വളര്‍ത്തുക എന്ന ഭാരിച്ച ദൗത്യം കൂടി 2019ലെ തരഞ്ഞെടുപ്പിന് ഉണ്ട്.

തൊഴിലില്ലായ ്മ

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ സാംപിള്‍ സര്‍വേ ഓഫീസ് (എന്‍എസ്എസ്ഒ) റിപ്പോര്‍ട്ട് പ്രകാരം 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. രാജ്യത്തെ തൊഴില്‍ശക്തി സംബന്ധിച്ചു നടത്തിയ സര്‍വേയിലാണ് 201718 വര്‍ഷത്തില്‍ തൊഴിലില്ലായ്മ നിരക്ക് 6.1% ആണെന്നു കണ്ടെത്തിയത്.

പുതിയ സര്‍ക്കാരിന് മുന്നിലെ ഏറ്റവും വലിയ പ്രതിസന്ധിയും രാജ്യത്തെ വര്‍ധിച്ചുവരുന്ന ഈ തൊഴിലില്ലായ്മ നിരക്കാകും.

ഓരോ സെക്ടറും പുരോഗതി കൈവരിച്ചെങ്കില്‍ മാത്രമേ തൊഴിലില്ലായ്മ പരിഹരിക്കാന്‍ സാധിക്കൂ, ജെഎം ഫിനാന്‍ഷ്യല്‍ സര്‍വീസസ് മാനേജിംഗ് ഡയറക്റ്റര്‍ വിശാല്‍ കമ്പാനി പറയുന്നു. 'റിയല്‍ എസ്റ്റേറ്റ്, റീറ്റെയ്ല്‍ സെക്ടറുകള്‍ ആണ് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നവ. റിയല്‍ എസ്റ്റേറ്റില്‍ കാര്യമായി ഒന്നും നടക്കുന്നില്ല, അതുപോലെ തന്നെ റീറ്റെയ്ല്‍ മേഖല. അപ്പോള്‍ തൊഴില്‍ സൃഷ്ടിക്കപ്പെടണമെങ്കില്‍ ഒരു പരിഷ്‌കരണ നടപടി ഉണ്ടാവണം. ഈ സര്‍ക്കാരിന് അതിനു സാധിക്കും എന്നാണു വിശ്വാസം.''

ട്രേഡ് വാര്‍

യുഎസ് -ചൈന വ്യാപാര യുദ്ധവും, അമേരിക്കയുടെ ഇറാന്‍ ഉപരോധവും സര്‍ക്കാര്‍ എങ്ങനെ നേരിടുമെന്നതും കാത്തിരുന്നു കാണേണ്ടത് തന്നെ. ഇറാനെതിരെ അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്ന ഉപരോധവും രാജ്യാന്തര ക്രൂഡ് ഓയ്ല്‍ വില ഉയര്‍ന്നതും ഇന്ത്യയ്ക്ക് മുന്നിലെ പ്രതിസന്ധികളാണ്. മോദി വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ ഇക്കാര്യത്തില്‍ ഇന്ത്യ സ്വീകരിക്കുന്ന നയം പ്രാധാന്യമുള്ളതാണ്.

മോദിയുടെ രണ്ടാം വരവിനെ രാജ്യത്തെ പ്രമുഖ ബിസിനസുകാര്‍ സ്വാഗതം ചെയ്യുന്നുമുണ്ട്.

മോദി ചെയ്ത പല നല്ല കാര്യങ്ങളും പൂര്‍ത്തിയാക്കാനുള്ള ഒരു അവസരമായിട്ടു കൂടി ഈ തെരഞ്ഞെടുപ്പിനെ കാണുന്നുവെന്നാണ് ഭാരതി എന്റര്‍പ്രൈസസിന്റെ സ്ഥാപകനും ചെയര്‍മാനുമായ സുനില്‍ ഭാരതി മിത്തല്‍ പറയുന്നത്. ''അച്ചടക്കവും, നിശ്ചയദാര്‍ഢ്യവും, ദിശാബോധവും ആണ് മോദിയുടെ മുഖമുദ്ര. അങ്ങനെ ഒരു നേതാവില്‍ രാജ്യത്തിനുള്ള ഉത്തമ വിശ്വാസം കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ജയം വരച്ചു കാണിക്കുന്നത്. പല വെല്ലുവിളികള്‍ ഉണ്ടെങ്കിലും, മോദി ഞങ്ങള്‍ക്കെല്ലാം വലിയ ശുഭ പ്രതീക്ഷയാണ് നല്‍കുന്നത്.' പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന സൗഹൃദ അജണ്ടയ്ക്കുള്ള അംഗീകാരമാണ് ഈ വന്‍ വിജയ മെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പറയുന്നു.

മുന്നിലെ വെല്ലുവിളികള്‍

തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി, കുറഞ്ഞ വളര്‍ച്ചാ നിരക്ക്, ചെറുകിട വ്യവസായ മേഖലയുടെ തകര്‍ച്ച, നോട്ടുനിരോധനവും ജിഎസ്ടിയും സാമ്പത്തികരംഗത്തുണ്ടാക്കിയ തളര്‍ച്ച, വ്യവസായ മേഖലയിലെ വളര്‍ച്ചാ മുരടിപ്പ്, പെട്രോള്‍ ഡീസല്‍ വിലവര്‍ധന, അരക്ഷിതരായ ന്യൂനപക്ഷം, ഗ്രാമീണ മേഖലയിലെ പ്രശ്‌നങ്ങള്‍, സമരപാതയിലായ ദളിതര്‍, അന്താരാഷ്ട്ര വ്യാപാര യുദ്ധം, അതിനുള്ളിലെ സമ്മര്‍ദങ്ങള്‍ എന്നിങ്ങനെ പല വെല്ലുവിളികള്‍ക്കും നടുവിലാണ് ഇന്ന് രാജ്യം. ഇതില്‍ പലതും അടിയന്തര പരിഗണന അര്‍ഹിക്കുന്നതാണ് താനും.

സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ത്വരിത വേഗത്തില്‍ നടപ്പാക്കി സമ്പദ്‌വ്യവസ്ഥ ഇന്ന് നേരിടുന്ന ചില അടിസ്ഥാന പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കുന്നതിന് വേണം സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുവാന്‍, മാഗ്മ ഫിന്‍കോര്‍പ് മാനേജിംഗ് ഡയറക്ടര്‍ സഞ്ജയ് ചാര്‍മിയ പറയുന്നു. ''നോട്ട് നിരോധനവും ജിഎസ്ടിയും ഏല്‍പ്പിച്ച ആഘാതങ്ങളില്‍ നിന്ന് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഇനിയും മറികടന്നിട്ടില്ല. സാമ്പത്തിക വളര്‍ച്ചാ നിരക്ക് താഴ്ന്നു നില്‍ക്കുന്നതും, കലുഷിതമായി ക്കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര വ്യാപാര പ്രതിസന്ധികളും ഒക്കെ പുതിയ സര്‍ക്കാരിന് മുന്നിലെ വെല്ലുവിളികളാകും.'' ആഭ്യന്തര ഉപഭോഗം വര്‍ധിപ്പിച്ചു വ്യോമയാനം, വൈദ്യുതി, ബാങ്കിംഗ്, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയ മേഖലകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് അത്യാവശ്യമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ''ഓട്ടോമൊബീല്‍ ഉള്‍പ്പടെ വിവിധ വ്യവസായ മേഖലകള്‍ തളര്‍ച്ചയിലാണ്,'' ജെ എം ഫിനാന്‍ഷ്യല്‍ സര്‍വീസസ് മാനേജിംഗ് ഡയറക്ടര്‍ വിശാല്‍ കമ്പാനി പറയുന്നു. ''കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കിലാണ് ഓട്ടോമൊബീല്‍ വ്യവസായം. 16 ശതമാനം ഇടിവാണ് ഏപ്രില്‍ മാസം ഓട്ടോ സെക്ടറില്‍ രേഖപ്പെടുത്തിയത്. ആഭ്യന്തര വ്യോമയാന മേഖലയിലും ഇടിവുണ്ടായിട്ടുണ്ട്. ഏപ്രില്‍ മാസം 4.5 ശതമാനം ഇടിവാണ് വ്യോമയാന വ്യവസായം നേരിട്ടത്. വ്യവസായങ്ങള്‍ക്കു പുനര്‍ജീവന്‍ കൊടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. ബാങ്കിംഗ് മേഖലയിലും, പ്രത്യേകിച്ച് എന്‍ബിഎഫ് സികള്‍ക്കും ലിക്വിഡിറ്റി പ്രശ്‌നം ഉണ്ട്. അതുകൊണ്ട് സര്‍ക്കാര്‍ എത്രയും വേഗം മാര്‍ക്കറ്റ് തുറന്നു, നിക്ഷേപം ആകര്‍ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം.'' അദ്ദേഹം ചൂണ്ടിക്കാട്ടുന്നു

ഓഹരികളുടെ കുതിപ്പ്

തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്കു വ്യക്തമായ ലീഡ് വന്നതോടെ ഇന്ത്യന്‍ ഓഹരി വിപണികളും റെക്കോഡ് ഉയരമാണ് താണ്ടിയത്. ബോംബെ ഓഹരി സൂചിക (സെന്‍സെക്സ്) 23-ആം തിയതി ചരിത്രത്തില്‍ ആദ്യമായി 40,000 പോയ്ന്റ് കടന്ന് മുന്നേറി. ദേശീയ ഓഹരി സൂചിക (നിഫ്റ്റി) ആദ്യമായി 12,000ലും കയറി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും മികച്ച നേട്ടമുണ്ടാക്കി. 2014ലും വോട്ടെണ്ണല്‍ ദിനത്തിലും സെന്‍സെക്സ് സമാനമായ കുതിപ്പ് നടത്തിയിരുന്നു.

സ്ഥിരതയുള്ള സര്‍ക്കാര്‍ തുടരണമെന്ന നിക്ഷേപകരുടെ മോഹം സഫലമാക്കി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വിജയിച്ചതോടെ, അടുത്തമാസത്തിനകം സെന്‍സെക്സ് 45,000 പോയ്ന്റുകള്‍ ഭേദിച്ചേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. റിസര്‍വ് ബാങ്ക് അടുത്തമാസം നടക്കുന്ന ധനനയ നിര്‍ണയ യോഗത്തില്‍ റിപ്പോ നിരക്ക് വീണ്ടും കുറച്ചേക്കുമെന്നും അവര്‍ അഭിപ്രായപ്പെടുന്നു. ഇത് സെന്‍സെക്സിന്റെ കുതിപ്പിന് വേഗം കൂട്ടുമെന്ന് ധനകാര്യ സ്ഥാപനമായ മോര്‍ഗന്‍ ആന്‍ഡ് സ്റ്റാന്‍ലി പറയുന്നു. നിഫ്റ്റി 13,500 പോയ്ന്റുകളും ജൂണില്‍ ഭേദിച്ചേക്കുമെന്നും വിലയിരുത്തല്‍ ഉണ്ട്.

Similar News